10 September 2010

പെരുന്നാള്‍ പൊരുള്‍




മനസ്സും ശരീരവും  മെരുക്കിയെടുക്കാനുള്ള പരിശീലന കളരിയായ  വ്രതമാസക്കാലത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഒരു പെരുന്നാള്‍ സുദിനം കൂടെ സമാഗതമായിരിക്കുന്നു.
വര്‍ണ്ണശബളിമയാര്‍ന്ന ഈ ആഘോഷവേളയിലും
ലോകത്തിന്റെ വിവിധ കോണുകളില്‍ സാമ്രാജ്യത്വ-ഫാസിസ്റ്റുകളുടേയും, ഭരണകൂട ഭീകരതയുടേയും ക്രൂര ഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന സ്ത്രീകളും, വൃദ്ധരും, കുട്ടികളുമടങ്ങുന്ന നിരാലംബരായ മനുഷ്യര്‍..
നിറങ്ങളില്ലാത്ത ലോകത്ത്, തങ്ങള്‍ക്കിടയില്‍ വിന്യസിക്കപ്പെട്ട വിനാശകരമായ ആയുധങ്ങള്‍‍ക്കിടയില്‍ ഇതൊന്നുമറിയാതെ കളിപ്പാട്ടങ്ങള്‍ തിരയുന്ന നിഷ്ക്കളങ്ക ബല്യങ്ങള്‍...
അവരെ കൂടെ സ്മരിക്കാതെ ഈ ദിനം പൂര്‍ണ്ണമവുകയില്ല.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍!

16 June 2010

സ്വത്വപ്രതിസന്ധി




കാലം മാറി...ശീലിച്ചു പോന്ന വര്‍ഗ്ഗ സ്വഭാവത്തിലും,അടിസ്ഥാന തൊഴിലായ കൊത്തുപണിയിലുമെല്ലാം പുത്തന്‍ മുതലാളിത്ത പ്രവണതകള്‍ സ്വാധീനം ചെലുത്തിതുടങ്ങി. കൈ-മെയ് 'അനങ്ങി' പണിയെടുത്തിരുന്ന കാലമൊക്കെ ഇനി പഴങ്കഥ. 'ന്യൂനപക്ഷമായ' പഴയ മരങ്ങളില്‍ 'തുരക്കുന്ന' പണി ഞങ്ങള്‍ തത്ക്കാലം‍ നിര്‍‍ത്തുകയാണ്. പകരം കുറച്ചുകൂടി 'സോഫ്റ്റ്-വെയര്‍' ഫ്രണ്ട് ലി ആവാനാണ് തീരുമാനം. സിന്‍ഡിക്കേറ്റ് 'മാധ്യമങ്ങള്‍' അതിനെ "മൃദുസമീപനം" എന്നൊക്കെ പറഞ്ഞ് പാരവെക്കുമെന്നറിയാം. അത്തരക്കാരെ 'വെട്ടിനിരത്താന്‍' തന്നെയാണ് തീരുമാനം. വൈരുധ്യാധിഷ്ഠിതഭൗതിക വാദമാണല്ലോ അടിസ്ഥാന പ്രമാണം, അതിനാല്‍ ഞങ്ങളുടെ സ്വഭാവത്തിലും ചില വൈരുധ്യങ്ങളൊക്കെ കാണും! 
[ജന്മപുണ്യമായി ദൈവം തമ്പുരാന്‍ തലയില്‍ 'ഫിറ്റ്' ചെയ്ത് വിട്ട തൊഴിലാളി വര്‍ഗ്ഗ രുധിര-പതാക പിഴുതെറിയാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഈ ഞാണിന്മേല്‍ കളി ഞങ്ങള്‍ക്ക് തുടര്‍‍ന്നേ പറ്റൂ...]  
അതിനാല്‍
"മര"മൗലികവാദികള്‍ മൂര്‍ദ്ധാബാദ്!.... 'മൃദുലസമീപനം' സിന്ദാബാദ്!



12 April 2010

സായാഹ്ന സൗഹൃദം


LOCATION: ANDATHODE BEACH.

എനിക്ക് നഷ്ട്ടമായ എന്റെ പ്രിയ സൗഹൃദങ്ങള്‍ ഓര്‍ത്തുപോകുന്നു.
ഒരിക്കല്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിധിയായി നെഞ്ചേറ്റിയ പ്രിയ കൂട്ടുകാര്‍, പിന്നിട്ട വഴികളില്‍ നഷ്ട്ടമായതെങ്ങിനെയെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതവും സങ്കടവും മനസ്സില്‍ പതഞ്ഞുവരുന്നു.‍ നിലനില്പ്പി‍നായുള്ള പ്രയാണത്തില്‍ പിന്തിരിഞ്ഞു നോക്കാന്‍ അവസരം കിട്ടാത്ത വിധം നമ്മെ തിരക്കുപിടിപ്പിച്ചെതെന്താവാം...ഒരു ദിനം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാതിരുന്ന..ഒരു രഹസ്യവും പങ്കുവെക്കാന്‍ ബാക്കിവെക്കാതിരുന്ന..കരവലയത്തിന്റെ കരുത്തില്‍ എന്തിനേയും നേരിടാനുള്ള ആത്മവിശ്വാസം നല്‍കിയ ആ പഴയ ആത്മബന്ധങ്ങളുടെ ഊഷ്മളതയെല്ലാമിന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു.

02 April 2010

മറന്നുവോ ആ ബാല്യം..



മറന്നുവോ ആ ബാല്യം..

കാലം നല്‍കിയ പുത്തന്‍ ഉടയാടകളണിഞ്ഞ് നാമിന്നെത്ര മേലോട്ട് പൊങ്ങിയെന്നാലും ഓര്‍മ്മയുടെ ആ പഴയ പാഠപുസ്തകത്തിലെ മയില്‍ പീലിയഴകുള്ള സുവര്‍ണ്ണ താളുകളെ മറിച്ചെടുക്കാന്‍ ഇന്നും എത്ര എളുപ്പം.
പാടവും, തോടും കുളങ്ങളും അതിരിടുന്ന നാട്ടുവഴികള്‍ ആ കുഞ്ഞിക്കാലുകളാല്‍ നാം എത്ര താണ്ടിയതാണ്. 'മഴയില്‍ കുതിര്‍ന്ന കളിവഞ്ചി' പോലെ ഇന്നതെല്ലാം ഒരു നഷ്ട്ടസ്വപ്നമായി ചിലരെയെങ്കിലും ചിലപ്പോള്‍ വേട്ടായാടാറുണ്ടാവാം..
എത്ര വേഗത്തിലാണ് ആ നിഷ്ക്കളങ്ക കാലം നമ്മെ വിട്ടകന്നത്.
ജീവതമാകുന്ന ഈ നോണ്‍-സ്റ്റോപ്പ് വണ്ടി ശൈശവവും,ബാല്യവും, യൗവനവും താണ്ടി മുന്നോട്ട് കുതിക്കുകയാണ്.
ഒടുവില്‍ മധ്യവയസ്സും, വാര്‍ദ്ധക്യവും കടന്ന് മരണമാകുന്ന താത്ക്കാലിക സ്റ്റോപ്പില്‍ അല്പകാലം നിര്‍ത്തിയിട്ടേക്കാം. പക്ഷേ എല്ലാം അതില്‍ അവസാനിക്കുമോ?.. എങ്കില്‍ എത്ര നന്നായേനെ!!

"മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൌവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.                   വി.ഖുര്‍-ആന്‍.(22:.5)




16 March 2010

യാത്രയുടെ അന്ത്യം.


 LOCATION: LAKE-VIEW PARK. DOHA

ഏകനായിട്ടായിരുന്നു മനുഷ്യാ ഈ ഭൂമിയില്‍ നീ പിറന്നു വീണത്.നിനക്ക് ചുറ്റും ഇവിടെയുണ്ടായിരുന്നവരെയൊക്കെയും വിട്ടകന്ന് ഒരുനാള്‍ ഏകനായി തന്നെ നീ ഇവിടം വിട്ട് പോകേണ്ടതുണ്ട്. നാളെ വിചാരണാ വേളയില്‍ ഏകനായി തന്നെ നിന്നെ ഉയര്‍ത്തെഴുനേല്പ്പിക്കുന്നതാണ്. നിന്റെ കര്‍മ്മങ്ങളുടെ കണക്കുപുസ്തകം കയ്യില്‍ നല്‍കപ്പെടുന്നതിന് മുന്‍പെ നീ നിന്നെ സ്വയം വിചാരണ ചെയ്യുക.


സ്വയം അറിയുക ! സ്രഷ്ട്ടാവിനെ അറിയുക !


[അന്ത്യദിനത്തില്‍ ധിക്കാരികളോടായി അല്ലാഹു പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു-]
"ഇന്നു നിങ്ങള്‍ നമ്മുടെ മുമ്പില്‍ ഒറ്റപ്പെട്ടവരായിത്തന്നെ ഹാജരായിരിക്കുന്നു; ആദ്യവട്ടം നാം നിങ്ങളെ ഒറ്റയായി സൃഷ്ടിച്ചതുപോലെ.
ഭൂമിയില്‍ നാം നിങ്ങള്‍ക്കു നല്‍കിയിട്ടുണ്ടായിരുന്നതൊക്കെയും പുറകിലുപേക്ഷിച്ചിട്ടു നിങ്ങള്‍ പോന്നു. നിങ്ങള്‍ക്കു ഗുണം ചെയ്യുന്നതില്‍ പങ്കുള്ളവരെന്നു ജല്‍പിച്ചുകൊണ്ടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള സകല ബന്ധങ്ങളും അറ്റുപോയിരിക്കുന്നു. അവരൊക്കെയും നിങ്ങളില്‍നിന്നു വഴിമാറിപ്പോവുകയും ചെയ്തിരിക്കുന്നു".                              
വി.ഖുര്‍ആന്‍.(6:94)

03 March 2010

വിശിഷ്ട്ടാഥിതികൾ

ഞാന്‍ പപ്പായ കൊണ്ട് വിരുന്നൊരുക്കി 'വലയിലാക്കിയ' ചില വിശിഷ്ട്ടാതിഥികള്‍. വിരുന്നുകാരില്‍ പലരും പിന്നീട് നിത്യസന്ദര്‍ശനം കൊണ്ട് വീട്ടുകാരായി മാറിയിരുന്നെങ്കിലും.
ഓലഞ്ഞാലി (INDIAN TREE PIE).


ഓല തുമ്പത്തിരുന്നു ഊഞ്ഞലാടുന്ന ചിന്ന അഭ്യാസിയൊക്കെയാണെങ്കിലും ഈ ചെല്ല പൈങ്കിളിയുടെ നാഥസൗഭഗത്തിന് മുന്നില്‍ നമ്മുടെ നാടന്‍ കാക്കകള്‍ പോലും തോറ്റുപോകും. അത്രക്ക് 'അരോചകമായ' ശബ്ദമാണിവന്റേത്. പ്രഭാത നമസ്ക്കാരം കഴിഞ്ഞ് ഒന്ന് മയങ്ങാന്‍ കിടന്നാല്‍ ഇവന്റേയും കൂട്ടുകാരിയുടേയും കര..കര സംഗീതമേള കേട്ടാണ് ഞാന്‍ ഉണര്‍ന്നിരുന്നത്.
സത്യം പറയാലോ നമ്മുടെ പഴയ FARGO ലോറി സ്റ്റാര്‍ട്ടാക്കുന്നത് പോലെയുള്ള ഇവന്റ ശബ്ദം കേട്ടാല്‍ ഒരൊറ്റ ഏറ് വെച്ച് കൊടുക്കാനാണ് തോന്നുക.
ആണ്‍കുയില്‍ (ASEAN MALE KOEL)

ഇവനാള്‍ ശരിക്കും ഒരു വില്ലനാണ്. വലിയ ഗായകനായി ഭൂമിമലയാളത്തില്‍ പ്രസിദ്ധനാണെങ്കിലും, ഇവന്റെ തിരുവായില്‍ നിന്ന് ഒരു ഗാനശകലവും കേട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. 'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല' എന്നതാണന്നു മൂപ്പരുടെ പോളിസി. പപ്പായ കഴിക്കാന്‍ വരുന്ന പാവം 'ചിന്നകുട്ടുറുവനെ' ഒളിഞ്ഞിരുന്ന്,ഒരു പ്രത്യേക ശബ്ദ്ം പുറപ്പെടുവിച്ച് ‍ പറപറപ്പിക്കാന്‍ ഇവന്‍ മിടുമിടുക്കനാണ്.
പുള്ളിക്കുയില്‍ (ASEAN FEMALE KOEL).

ആണ്‍കുയിലിന്നെ അപേക്ഷിച്ച് ഇവള്‍ക്ക് ദൈവം തമ്പുരാന്‍ നല്ല സൗന്ദര്യം നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. [അത് പിന്നെ അങ്ങിനെയാണല്ലോ!]  ഇവളുടെ പുള്ളി-പട്ടുടുപ്പിന്റെ അഴക് കണ്ടാല്‍, 'ആ കളളക്കുയിലിന്റെ പെണ്‍മ്പറന്നോള്‍ തന്നെയോ ഇവള്‍?' എന്ന് ആരെങ്കിലും സശയിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല

20 February 2010

കള്ള കുട്ടുറവന്‍.


ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ആദ്യ ദിവസം തന്നെ മുറ്റത്തിന്റെ തെക്കേ മൂലയില്‍ മതിലിനോട് ചേര്‍ന്ന്,നിറയെ കായയുമായി നില്‍ക്കുന്ന ഈ ചെറിയ ഓമ എന്റെ കണ്ണില്‍‍ പെട്ടിരുന്നു. അധികം താമസിയാതെ മതിലില്‍ കയറി പഴുത്തതൊരണ്ണം കൈക്കലാക്കി ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് തലക്കുള്ളില്‍ ഒരു 'ബള്‍‍ബ്'  മിന്നിയത്
ഈ പഴം പറിക്കാതെ അവിടെ തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ അത് കഴിക്കാന്‍ വരുന്നവന്‍മാരെ ഓരോരുത്തരേയും യാതൊരു ബുദ്ധിമുട്ടും കൂടാതെ കേമറക്കകത്താക്കാമായിരുന്നു. വീടിന്റെ ജനലിലൂടെ നിരീക്ഷണം നടത്താന്‍ പാകത്തില്‍ ഒരു പപ്പായ മരം എനിക്കായി ഒരുക്കി വെച്ച ദൈവത്തിന് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട്, ഞാന്‍ അടുത്തത് പഴുക്കാനായി കാത്തിരുന്നു.
സംഗതി വിചാരിച്ച പോലെ എളുപ്പമല്ലെന്ന് അധികം വൈകാതെ മനസ്സിലായി. പഴുത്തതെല്ലാം മിടുക്കന്മാര്‍ കൂളായി അടിച്ചു മാറ്റികൊണ്ടിരുന്നു. കിട്ടുന്ന ഒഴിവുസമയങ്ങളില്‍ കേമറയും തൂക്കി നടന്ന ഞാന്‍ 'പപ്പായയുടെ അവശിഷ്ട്ടങ്ങള്‍' കണ്ട് 'അണ്ടിപോയ അണ്ണാനെ' പോലെ നിസ്സംഗനായി നിന്നു. എന്തായാലും അധികം വൈകാതെ അതിഥികളുടെ പോക്കുവരവിന്നെ കുറിച്ച് എനിക്ക് ഏകദേശം ഒരു ഐഡിയ കിട്ടി.ആദ്യം കസ്റ്റഡിയില്‍ കിട്ടിയത് ഈ "ചിന്നകുട്ടുറുവനെ"യായിരുന്നു.
തത്തമ്മയെ അനുസ്മരിപ്പിക്കുന്ന ഇവനെ നാട്ടില്‍ വിളിക്കുന്നത് 'മുളന്തത്ത' എന്നാണന്നാണ് അറിഞ്ഞത്. ഖത്തറിലെ മലയാളിയായ പ്രശസ്ത "BIRD PHOTOGRAPHER
DILEEPKUMAR അന്തിക്കാടിന്റെ സൈറ്റില്‍ ലവന്റെ പേര്‍ നല്‍കിയിരിക്കുന്നത് "White cheeked Barbet എന്നാണ്. ജുനൈദിന്റെ  ബ്ലോഗില്‍ നിന്നാണ് ഞാന്‍ ഇവനെ ആദ്യമായി കണ്ടത്. പിന്നീട് ലക്ഷ്മി അതിനെ ക്രയോണ്‍ വല്‍ക്കരിച്ചിരുന്നു.
പിന്നീട് വന്ന അതിഥികള്‍ പലരും നിത്യ സന്ദര്‍ശകരായി മാറി. അവരെ കുറിച്ച് അടുത്ത പോസ്റ്റില്‍..
അടിക്കുറിപ്പ്:-
ഒരു വിശ്വാസി ഒരു മരം നടുകയോ, തന്റെ കൃഷിയിടത്തില്‍ വിതക്കുകയോ ചെയ്യുന്നില്ല, പിന്നീട് അതില്‍ നിന്ന് മനുഷ്യനോ,
പക്ഷികളോ, മൃഗങ്ങളോ ഭക്ഷിക്കുകയും അത് അവന്റെ പേരില്‍
ഒരു നന്മയായി രേഖപ്പെടുത്തുകയും ചെയ്തിട്ടല്ലാതെ..
 -മുഹമ്മദ് നബി.

ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters