25 July 2020

13 വർഷങ്ങൾക്ക് മുൻപ് സ്മാർട്ട് ഫോണും, ഫേസ്ബുക്കും, വാട്ട്സ് ആപ്പുമെല്ലാം സജീവമാകുന്നതിന് മുന്നെ,
ഖത്തറിൽ നിന്നും അവധിക്ക്‌ നാട്ടിൽ എത്തുമ്പോൾ എൻറെ മനസ്സിലും ക്യാമറയിലും പതിഞ്ഞ ചില ദൃശ്യങ്ങൾ
ഒരു ഫോട്ടോ-ബ്ലോഗ് ആയി പോസ്‌റ്റി തുടങ്ങിയതാണ്.
21 വർഷക്കാലത്തെ പ്രവാസജീവിതം സമ്മാനിച്ച ആലസ്യം ഫോട്ടോഗ്രാഫി യോടുള്ള ആവേശവും എന്നിൽനിന്ന് കുറെയേറെ മായ്ച്ചു കളഞ്ഞിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം തപ്പി നോക്കിയപ്പോൾ ആ പഴയ ഫോട്ടോ- ബ്ലോഗ് ഇന്നും ഡിലീറ്റ് ചെയ്യാതെ ഗൂഗിൾ കാത്തുവച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി (മറ്റ് പ്ലാറ്റ്ഫോമുകളിൽ പോസ്റ്റിയത് പലതും ഏറെക്കുറെ നഷ്ടമായെങ്കിലും)
ഓർമ്മകളിൽ ചിലതെങ്കിലും ബാക്കി വെച്ചതിന് 'സുന്ദര്‍ പിച്ചെ'ക്ക് നന്ദി പറഞ്ഞുകൊണ്ടും,
കാല/ പ്രായ ഗണനാനുസൃതം ചിത്രങ്ങളും കുറിപ്പുകളും വിലയിരുത്തുമെന്ന വിശ്വാസത്തോടെയും..
               
                                                                   സ്നേഹപൂർവ്വം ~ Cm Shakeer.

Please view the blog in landscape mode and click on the 'comments' to see the comments.

23 July 2011

നീലഗിരിയുടെ സഖികള്‍. (23.07.2011)





ഊട്ടിയില്‍ നിന്ന് കല്‍ഹാട്ടി വഴി മലയിറങ്ങുമ്പോള്‍ സഹ്യാദ്രിയുടെ വശ്യമനോഹരമായ സൗന്ദര്യം കണ്‍കുളിര്‍ക്കെ കാണാനുള്ള സുവര്‍ണ്ണാവസരമാണ്. മുപ്പത്തി ആറോളം 'തലതിരിഞ്ഞ വളവുകള്‍'  താണ്ടിയുള്ള ഈ യാത്ര അല്പ്പം സാഹസികമാണങ്കിലും ഒര്‍മ്മയില്‍ സൂക്ഷിക്കാന്‍ പ്രകൃതിയുടെ വരദാനമാണ്.
വയലാറിൻറെ പഴയ വരികള്‍ പോലെ, 'ജ്യോതിര്‍മയിയാം ഉഷസിന് വെള്ളി ചാമരം വീശുന്ന മേഘങ്ങള്‍' ..മനസ്സില്‍ എന്നും മായാതെ നില്‍ക്കും.



17 March 2011

വറുതി.

LOCATION: PONNANI  SEA SHORE.


'ഒരു ചാറിനുള്ള ചാള ഈ തള്ളക്കും താടാ മക്കളെ....'

10 March 2011

തിരിച്ചറിവ്.


Hamdan my fourth one.

അയ്യേ ! ഈ ചെക്കന് നാണല്ല്യേ?  കയ്യിലുള്ളത് എനിക്കുള്ളതാണന്ന് തോന്നുന്നു...ഹ്ങേ!  അവന്റെ പിന്നില്‍ ഒരുത്തന്‍ നിക്കുന്നുണ്ടല്ലോ..അവനെ നമ്പാന്‍ കൊള്ളില്ല.. 
തിരിച്ച് നടക്കുന്നതാവും ബുദ്ധി.

02 March 2011

ആവേശപ്പൂട്ട്.




നമ്മുടെ നാട്ടിലെ ഒരു ഗ്രാമീണ കായിക വിനോദമെന്ന നിലയില്‍ പ്രശസ്തമെങ്കിലും, 'കന്നുപൂട്ട്' മല്‍‍സര‍ങ്ങളോട് ചെറുപ്പം മുതലേ മനസ്സില്‍ തോന്നിയിരുന്ന കൊച്ചുപ്രതിഷേധം കാരണം ഇത്രയും കാലമായി അത്തരം വേദികളിലേക്ക് ഒന്ന് ചെന്ന് നോക്കാന്‍ പോലും തോന്നിയിരുന്നില്ല. കാളപ്പോരും, കോഴിയങ്കവും, കന്ന്പൂട്ടുമെല്ലാം മിണ്ടാപ്രാണികളെ പീഡിപ്പിച്ച് രസിക്കുന്ന ഇരുകാലി മനുഷ്യരുടെ ക്രൂര വിനോദങ്ങളായി മാത്രമെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു.
(കാളപ്പൂട്ട് പ്രേമിയായ എന്റെ ഒരു സുഹൃത്ത് ഈ പറഞ്ഞതിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. കന്നുപൂട്ടിനെ ഒരിക്കലും മൃഗപീഡനമായി കാണാന്‍ കഴിയില്ല. നല്ല പരിഗണനയും, മുന്തിയ ഭക്ഷണവും കൊടുത്ത് വളര്‍ത്തുന്ന ഇവരെ കൊണ്ട് ഇതല്ലാതെ മറ്റൊരു പണിയും ചെയ്യിപ്പിക്കുന്നില്ല എന്നും അദ്ദേഹം വാദിക്കുന്നു.)
അതെന്തായാലും, ഇന്നിപ്പോള്‍ ഫോട്ടോഗ്രാഫി തലക്കടിച്ചകാരണം, പഴയ നീരസമെല്ലാം തത്ക്കാലം മാറ്റിവെച്ച് (തലയില്‍ മുണ്ടിട്ടെന്നവണ്ണം) ഞാന്‍ പൂട്ട്കണ്ടത്തിലെത്തിയപ്പോള്‍ കണ്ട ആള്‍കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. നേരെ ചൊവ്വെ ഒന്ന് ഫോട്ടോ എടുക്കാന്‍ പോലും കഴിയാത്ത വിധം വയലിനു ചുറ്റുമുള്ള സ്ഥലം 'പൂട്ട്പ്രേമികള്‍' കൈയ്യടക്കിയിരുന്നു. നാട്ടിന്‍പുറത്തെ കായിക മല്‍സരങ്ങളുടെ ആവേശം ശരിക്കും അനുഭവിച്ചറിഞ്ഞു. ഉച്ചനില തെറ്റിയ സൂര്യന്റെ അനുകൂല ലൈറ്റിങ്ങില്‍ കുറേയേറെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം, ആള്‍‍ക്കൂട്ടത്തില്‍ ആരും ഈയുള്ളവനെ  തിരിച്ചറിഞ്ഞില്ല എന്ന ആശ്വാസത്തില്‍ തിരിച്ച് നടക്കുമ്പോള്‍ മനസ്സ് എന്തോ അസ്വസ്ഥമായിരുന്നു ! കാണികളുടെ ആര്‍പ്പ് വിളികള്‍ക്കിടയില്‍ പൂട്ട്കണ്ടത്തിന്റെ ചെളിവെള്ളത്തില്‍ ആവേശം വാനോളമുയര്‍ത്തി കൊണ്ട് മരണപാച്ചില്‍ നടത്തുന്ന കാളക്കൂറ്റന്മാരുടെ കണ്ണുകളില്‍ നിഴലിച്ചു കണ്ട വികാരം എന്തായിരിക്കാം? 
കുതറിമാറാന്‍ കഴിയാത്ത വിധം നുകങ്ങളിലകപ്പെട്ട തങ്ങളുടെ ദൈന്യതയോ ? അതൊ മനുഷ്യന്റെ കേവല വിനോദങ്ങള്‍ക്കായി തങ്ങള്‍ക്ക് പീഡനമേല്‍ക്കേണ്ടി വരുന്നതിന്റെ പ്രതിഷേധമോ?


                                                           --------------------------------

അന്നെടുത്തതില്‍ ഒന്ന് മലയാള മനോരമയുടെ മലപ്പുറം എഡിഷനിലെ പ്രാദേശിക പേജില്‍ കളര്‍ ചിത്രമായി പ്രസിദ്ധീകരിച്ചിരുന്നു. എടുത്തവന്റെ 'ഊരും പേരു'മില്ലാത്തതിനാല്‍ ഈയുള്ളവന്റെ അരങ്ങേറ്റം ആരുമറിയാതെ ചീറ്റിപ്പോയെങ്കിലും,(വാത്സല്യത്തിലെ മമ്മുട്ടിയെ കടമെടുത്ത് പറഞ്ഞാല്‍)
 'എന്നാലും അത് വന്നൂലോ'..!! എന്ന് കരുതി സമാധാനിക്കുന്നു.



10 September 2010

പെരുന്നാള്‍ പൊരുള്‍




മനസ്സും ശരീരവും  മെരുക്കിയെടുക്കാനുള്ള പരിശീലന കളരിയായ  വ്രതമാസക്കാലത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഒരു പെരുന്നാള്‍ സുദിനം കൂടെ സമാഗതമായിരിക്കുന്നു.
വര്‍ണ്ണശബളിമയാര്‍ന്ന ഈ ആഘോഷവേളയിലും
ലോകത്തിന്റെ വിവിധ കോണുകളില്‍ സാമ്രാജ്യത്വ-ഫാസിസ്റ്റുകളുടേയും, ഭരണകൂട ഭീകരതയുടേയും ക്രൂര ഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന സ്ത്രീകളും, വൃദ്ധരും, കുട്ടികളുമടങ്ങുന്ന നിരാലംബരായ മനുഷ്യര്‍..
നിറങ്ങളില്ലാത്ത ലോകത്ത്, തങ്ങള്‍ക്കിടയില്‍ വിന്യസിക്കപ്പെട്ട വിനാശകരമായ ആയുധങ്ങള്‍‍ക്കിടയില്‍ ഇതൊന്നുമറിയാതെ കളിപ്പാട്ടങ്ങള്‍ തിരയുന്ന നിഷ്ക്കളങ്ക ബല്യങ്ങള്‍...
അവരെ കൂടെ സ്മരിക്കാതെ ഈ ദിനം പൂര്‍ണ്ണമവുകയില്ല.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍!

16 June 2010

സ്വത്വപ്രതിസന്ധി




കാലം മാറി...ശീലിച്ചു പോന്ന വര്‍ഗ്ഗ സ്വഭാവത്തിലും,അടിസ്ഥാന തൊഴിലായ കൊത്തുപണിയിലുമെല്ലാം പുത്തന്‍ മുതലാളിത്ത പ്രവണതകള്‍ സ്വാധീനം ചെലുത്തിതുടങ്ങി. കൈ-മെയ് 'അനങ്ങി' പണിയെടുത്തിരുന്ന കാലമൊക്കെ ഇനി പഴങ്കഥ. 'ന്യൂനപക്ഷമായ' പഴയ മരങ്ങളില്‍ 'തുരക്കുന്ന' പണി ഞങ്ങള്‍ തത്ക്കാലം‍ നിര്‍‍ത്തുകയാണ്. പകരം കുറച്ചുകൂടി 'സോഫ്റ്റ്-വെയര്‍' ഫ്രണ്ട് ലി ആവാനാണ് തീരുമാനം. സിന്‍ഡിക്കേറ്റ് 'മാധ്യമങ്ങള്‍' അതിനെ "മൃദുസമീപനം" എന്നൊക്കെ പറഞ്ഞ് പാരവെക്കുമെന്നറിയാം. അത്തരക്കാരെ 'വെട്ടിനിരത്താന്‍' തന്നെയാണ് തീരുമാനം. വൈരുധ്യാധിഷ്ഠിതഭൗതിക വാദമാണല്ലോ അടിസ്ഥാന പ്രമാണം, അതിനാല്‍ ഞങ്ങളുടെ സ്വഭാവത്തിലും ചില വൈരുധ്യങ്ങളൊക്കെ കാണും! 
[ജന്മപുണ്യമായി ദൈവം തമ്പുരാന്‍ തലയില്‍ 'ഫിറ്റ്' ചെയ്ത് വിട്ട തൊഴിലാളി വര്‍ഗ്ഗ രുധിര-പതാക പിഴുതെറിയാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഈ ഞാണിന്മേല്‍ കളി ഞങ്ങള്‍ക്ക് തുടര്‍‍ന്നേ പറ്റൂ...]  
അതിനാല്‍
"മര"മൗലികവാദികള്‍ മൂര്‍ദ്ധാബാദ്!.... 'മൃദുലസമീപനം' സിന്ദാബാദ്!



12 April 2010

സായാഹ്ന സൗഹൃദം


LOCATION: ANDATHODE BEACH.

എനിക്ക് നഷ്ട്ടമായ എന്റെ പ്രിയ സൗഹൃദങ്ങള്‍ ഓര്‍ത്തുപോകുന്നു.
ഒരിക്കല്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിധിയായി നെഞ്ചേറ്റിയ പ്രിയ കൂട്ടുകാര്‍, പിന്നിട്ട വഴികളില്‍ നഷ്ട്ടമായതെങ്ങിനെയെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതവും സങ്കടവും മനസ്സില്‍ പതഞ്ഞുവരുന്നു.‍ നിലനില്പ്പി‍നായുള്ള പ്രയാണത്തില്‍ പിന്തിരിഞ്ഞു നോക്കാന്‍ അവസരം കിട്ടാത്ത വിധം നമ്മെ തിരക്കുപിടിപ്പിച്ചെതെന്താവാം...ഒരു ദിനം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാതിരുന്ന..ഒരു രഹസ്യവും പങ്കുവെക്കാന്‍ ബാക്കിവെക്കാതിരുന്ന..കരവലയത്തിന്റെ കരുത്തില്‍ എന്തിനേയും നേരിടാനുള്ള ആത്മവിശ്വാസം നല്‍കിയ ആ പഴയ ആത്മബന്ധങ്ങളുടെ ഊഷ്മളതയെല്ലാമിന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു.

02 April 2010

മറന്നുവോ ആ ബാല്യം..



മറന്നുവോ ആ ബാല്യം..

കാലം നല്‍കിയ പുത്തന്‍ ഉടയാടകളണിഞ്ഞ് നാമിന്നെത്ര മേലോട്ട് പൊങ്ങിയെന്നാലും ഓര്‍മ്മയുടെ ആ പഴയ പാഠപുസ്തകത്തിലെ മയില്‍ പീലിയഴകുള്ള സുവര്‍ണ്ണ താളുകളെ മറിച്ചെടുക്കാന്‍ ഇന്നും എത്ര എളുപ്പം.
പാടവും, തോടും കുളങ്ങളും അതിരിടുന്ന നാട്ടുവഴികള്‍ ആ കുഞ്ഞിക്കാലുകളാല്‍ നാം എത്ര താണ്ടിയതാണ്. 'മഴയില്‍ കുതിര്‍ന്ന കളിവഞ്ചി' പോലെ ഇന്നതെല്ലാം ഒരു നഷ്ട്ടസ്വപ്നമായി ചിലരെയെങ്കിലും ചിലപ്പോള്‍ വേട്ടായാടാറുണ്ടാവാം..
എത്ര വേഗത്തിലാണ് ആ നിഷ്ക്കളങ്ക കാലം നമ്മെ വിട്ടകന്നത്.
ജീവതമാകുന്ന ഈ നോണ്‍-സ്റ്റോപ്പ് വണ്ടി ശൈശവവും,ബാല്യവും, യൗവനവും താണ്ടി മുന്നോട്ട് കുതിക്കുകയാണ്.
ഒടുവില്‍ മധ്യവയസ്സും, വാര്‍ദ്ധക്യവും കടന്ന് മരണമാകുന്ന താത്ക്കാലിക സ്റ്റോപ്പില്‍ അല്പകാലം നിര്‍ത്തിയിട്ടേക്കാം. പക്ഷേ എല്ലാം അതില്‍ അവസാനിക്കുമോ?.. എങ്കില്‍ എത്ര നന്നായേനെ!!

"മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൌവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.                   വി.ഖുര്‍-ആന്‍.(22:.5)




16 March 2010

യാത്രയുടെ അന്ത്യം.


 LOCATION: LAKE-VIEW PARK. DOHA

ഏകനായിട്ടായിരുന്നു മനുഷ്യാ ഈ ഭൂമിയില്‍ നീ പിറന്നു വീണത്.നിനക്ക് ചുറ്റും ഇവിടെയുണ്ടായിരുന്നവരെയൊക്കെയും വിട്ടകന്ന് ഒരുനാള്‍ ഏകനായി തന്നെ നീ ഇവിടം വിട്ട് പോകേണ്ടതുണ്ട്. നാളെ വിചാരണാ വേളയില്‍ ഏകനായി തന്നെ നിന്നെ ഉയര്‍ത്തെഴുനേല്പ്പിക്കുന്നതാണ്. നിന്റെ കര്‍മ്മങ്ങളുടെ കണക്കുപുസ്തകം കയ്യില്‍ നല്‍കപ്പെടുന്നതിന് മുന്‍പെ നീ നിന്നെ സ്വയം വിചാരണ ചെയ്യുക.


സ്വയം അറിയുക ! സ്രഷ്ട്ടാവിനെ അറിയുക !


[അന്ത്യദിനത്തില്‍ ധിക്കാരികളോടായി അല്ലാഹു പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു-]
"ഇന്നു നിങ്ങള്‍ നമ്മുടെ മുമ്പില്‍ ഒറ്റപ്പെട്ടവരായിത്തന്നെ ഹാജരായിരിക്കുന്നു; ആദ്യവട്ടം നാം നിങ്ങളെ ഒറ്റയായി സൃഷ്ടിച്ചതുപോലെ.
ഭൂമിയില്‍ നാം നിങ്ങള്‍ക്കു നല്‍കിയിട്ടുണ്ടായിരുന്നതൊക്കെയും പുറകിലുപേക്ഷിച്ചിട്ടു നിങ്ങള്‍ പോന്നു. നിങ്ങള്‍ക്കു ഗുണം ചെയ്യുന്നതില്‍ പങ്കുള്ളവരെന്നു ജല്‍പിച്ചുകൊണ്ടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള സകല ബന്ധങ്ങളും അറ്റുപോയിരിക്കുന്നു. അവരൊക്കെയും നിങ്ങളില്‍നിന്നു വഴിമാറിപ്പോവുകയും ചെയ്തിരിക്കുന്നു".                              
വി.ഖുര്‍ആന്‍.(6:94)

03 March 2010

വിശിഷ്ട്ടാഥിതികൾ

ഞാന്‍ പപ്പായ കൊണ്ട് വിരുന്നൊരുക്കി 'വലയിലാക്കിയ' ചില വിശിഷ്ട്ടാതിഥികള്‍. വിരുന്നുകാരില്‍ പലരും പിന്നീട് നിത്യസന്ദര്‍ശനം കൊണ്ട് വീട്ടുകാരായി മാറിയിരുന്നെങ്കിലും.
ഓലഞ്ഞാലി (INDIAN TREE PIE).


ഓല തുമ്പത്തിരുന്നു ഊഞ്ഞലാടുന്ന ചിന്ന അഭ്യാസിയൊക്കെയാണെങ്കിലും ഈ ചെല്ല പൈങ്കിളിയുടെ നാഥസൗഭഗത്തിന് മുന്നില്‍ നമ്മുടെ നാടന്‍ കാക്കകള്‍ പോലും തോറ്റുപോകും. അത്രക്ക് 'അരോചകമായ' ശബ്ദമാണിവന്റേത്. പ്രഭാത നമസ്ക്കാരം കഴിഞ്ഞ് ഒന്ന് മയങ്ങാന്‍ കിടന്നാല്‍ ഇവന്റേയും കൂട്ടുകാരിയുടേയും കര..കര സംഗീതമേള കേട്ടാണ് ഞാന്‍ ഉണര്‍ന്നിരുന്നത്.
സത്യം പറയാലോ നമ്മുടെ പഴയ FARGO ലോറി സ്റ്റാര്‍ട്ടാക്കുന്നത് പോലെയുള്ള ഇവന്റ ശബ്ദം കേട്ടാല്‍ ഒരൊറ്റ ഏറ് വെച്ച് കൊടുക്കാനാണ് തോന്നുക.
ആണ്‍കുയില്‍ (ASEAN MALE KOEL)

ഇവനാള്‍ ശരിക്കും ഒരു വില്ലനാണ്. വലിയ ഗായകനായി ഭൂമിമലയാളത്തില്‍ പ്രസിദ്ധനാണെങ്കിലും, ഇവന്റെ തിരുവായില്‍ നിന്ന് ഒരു ഗാനശകലവും കേട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. 'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല' എന്നതാണന്നു മൂപ്പരുടെ പോളിസി. പപ്പായ കഴിക്കാന്‍ വരുന്ന പാവം 'ചിന്നകുട്ടുറുവനെ' ഒളിഞ്ഞിരുന്ന്,ഒരു പ്രത്യേക ശബ്ദ്ം പുറപ്പെടുവിച്ച് ‍ പറപറപ്പിക്കാന്‍ ഇവന്‍ മിടുമിടുക്കനാണ്.
പുള്ളിക്കുയില്‍ (ASEAN FEMALE KOEL).

ആണ്‍കുയിലിന്നെ അപേക്ഷിച്ച് ഇവള്‍ക്ക് ദൈവം തമ്പുരാന്‍ നല്ല സൗന്ദര്യം നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. [അത് പിന്നെ അങ്ങിനെയാണല്ലോ!]  ഇവളുടെ പുള്ളി-പട്ടുടുപ്പിന്റെ അഴക് കണ്ടാല്‍, 'ആ കളളക്കുയിലിന്റെ പെണ്‍മ്പറന്നോള്‍ തന്നെയോ ഇവള്‍?' എന്ന് ആരെങ്കിലും സശയിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല

20 February 2010

കള്ള കുട്ടുറവന്‍.


ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ആദ്യ ദിവസം തന്നെ മുറ്റത്തിന്റെ തെക്കേ മൂലയില്‍ മതിലിനോട് ചേര്‍ന്ന്,നിറയെ കായയുമായി നില്‍ക്കുന്ന ഈ ചെറിയ ഓമ എന്റെ കണ്ണില്‍‍ പെട്ടിരുന്നു. അധികം താമസിയാതെ മതിലില്‍ കയറി പഴുത്തതൊരണ്ണം കൈക്കലാക്കി ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് തലക്കുള്ളില്‍ ഒരു 'ബള്‍‍ബ്'  മിന്നിയത്
ഈ പഴം പറിക്കാതെ അവിടെ തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ അത് കഴിക്കാന്‍ വരുന്നവന്‍മാരെ ഓരോരുത്തരേയും യാതൊരു ബുദ്ധിമുട്ടും കൂടാതെ കേമറക്കകത്താക്കാമായിരുന്നു. വീടിന്റെ ജനലിലൂടെ നിരീക്ഷണം നടത്താന്‍ പാകത്തില്‍ ഒരു പപ്പായ മരം എനിക്കായി ഒരുക്കി വെച്ച ദൈവത്തിന് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട്, ഞാന്‍ അടുത്തത് പഴുക്കാനായി കാത്തിരുന്നു.
സംഗതി വിചാരിച്ച പോലെ എളുപ്പമല്ലെന്ന് അധികം വൈകാതെ മനസ്സിലായി. പഴുത്തതെല്ലാം മിടുക്കന്മാര്‍ കൂളായി അടിച്ചു മാറ്റികൊണ്ടിരുന്നു. കിട്ടുന്ന ഒഴിവുസമയങ്ങളില്‍ കേമറയും തൂക്കി നടന്ന ഞാന്‍ 'പപ്പായയുടെ അവശിഷ്ട്ടങ്ങള്‍' കണ്ട് 'അണ്ടിപോയ അണ്ണാനെ' പോലെ നിസ്സംഗനായി നിന്നു. എന്തായാലും അധികം വൈകാതെ അതിഥികളുടെ പോക്കുവരവിന്നെ കുറിച്ച് എനിക്ക് ഏകദേശം ഒരു ഐഡിയ കിട്ടി.ആദ്യം കസ്റ്റഡിയില്‍ കിട്ടിയത് ഈ "ചിന്നകുട്ടുറുവനെ"യായിരുന്നു.
തത്തമ്മയെ അനുസ്മരിപ്പിക്കുന്ന ഇവനെ നാട്ടില്‍ വിളിക്കുന്നത് 'മുളന്തത്ത' എന്നാണന്നാണ് അറിഞ്ഞത്. ഖത്തറിലെ മലയാളിയായ പ്രശസ്ത "BIRD PHOTOGRAPHER
DILEEPKUMAR അന്തിക്കാടിന്റെ സൈറ്റില്‍ ലവന്റെ പേര്‍ നല്‍കിയിരിക്കുന്നത് "White cheeked Barbet എന്നാണ്. ജുനൈദിന്റെ  ബ്ലോഗില്‍ നിന്നാണ് ഞാന്‍ ഇവനെ ആദ്യമായി കണ്ടത്. പിന്നീട് ലക്ഷ്മി അതിനെ ക്രയോണ്‍ വല്‍ക്കരിച്ചിരുന്നു.
പിന്നീട് വന്ന അതിഥികള്‍ പലരും നിത്യ സന്ദര്‍ശകരായി മാറി. അവരെ കുറിച്ച് അടുത്ത പോസ്റ്റില്‍..
അടിക്കുറിപ്പ്:-
ഒരു വിശ്വാസി ഒരു മരം നടുകയോ, തന്റെ കൃഷിയിടത്തില്‍ വിതക്കുകയോ ചെയ്യുന്നില്ല, പിന്നീട് അതില്‍ നിന്ന് മനുഷ്യനോ,
പക്ഷികളോ, മൃഗങ്ങളോ ഭക്ഷിക്കുകയും അത് അവന്റെ പേരില്‍
ഒരു നന്മയായി രേഖപ്പെടുത്തുകയും ചെയ്തിട്ടല്ലാതെ..
 -മുഹമ്മദ് നബി.

26 November 2009

അരുണ കിരണം.

Sayed bin sabith Mosque. Fariq bin Nasser. Doha .Qatar.

താന്‍ നെഞ്ചൊട് ചേര്‍ത്തതെല്ലാം ദൈവീക മാര്‍ഗ്ഗത്തില്‍ ബലിയറുത്ത ഇബ്റാഹീമിന്റെ ഉജ്ജ്വല സ്മരണകളുയര്‍ത്തികൊണ്ട് ഒരു ബലിപെരുന്നാള്‍ കൂടി നമ്മില്‍ സമാഗതമായിരിക്കുന്നു.
ഒരു പുരുഷായസ്സ് മുഴുവന്‍ സ്വയം സമര്‍പ്പിതനായി, ഋജു മനസ്ക്കനായി ഏകദൈവ സന്ദേശവും പേറി ഭൂഖണ്ഡങ്ങള്‍‍ താണ്ടിയ ആ സാത്വികന്റെ
ത്യാഗത്തിന്റെ ഓര്‍മ്മ പെരുന്നാള്‍......
എല്ലാ മലയാളികള്‍ക്കും മനസ്സുനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.

18 October 2009

ആള്‍ക്കൂട്ടത്തില്‍ തനിയെ.






"വാനലോകത്തുള്ളവരും,ഭൂമിയിലുള്ളവരും ചിറകുവിടര്‍ത്തി പറക്കുന്ന പറവകളുമെല്ലാം അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നത് നിങ്ങള്‍ കാണുന്നില്ലയോ? ഓരോന്നിനും അതിന്റേതായ പ്രാര്‍ത്ഥനാരീതികളും, കീര്‍ത്തനങ്ങളും അറിവുണ്ട്. ഇവയൊക്കെയും ചെയ്യുന്നത് അല്ലാഹു ഏറ്റം അറിയുന്നുണ്ട്. ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു എല്ലാവരും തിരിച്ചെത്തേണ്ടത്." വിശുദ്ധ ഖുര്‍-ആന്‍.24(41)


ഖത്തറിലെ ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ പരിസരത്ത്‌ വെച്ചാണ് ഈ ഏകാകിയെ കണ്ണില്‍ പെട്ടത്. സാധാരണ നാട്ടിലെ കാക്കകളെ പോലെ ഖത്തറില്‍ എവിടെ നോക്കിയാലും കൂട്ടമായി പറന്ന് നടക്കുന്ന ഇവരെ ഒരിക്കല്‍ പോലും ഒന്ന് ക്ലിക്കണമെന്ന് തോന്നിയിട്ടില്ല. കൂട്ടുകാര്‍ പുല്‍തകിടിയില്‍ കലപില കൂട്ടുമ്പോഴും ഒറ്റക്ക് മാറിയിരിക്കുന്ന ഇയാളെ കണ്ടുമുട്ടിയപ്പോള്‍ കേമറ കൈയ്യിലുണ്ടായത് വളരെ യാതൃശ്ചികമായാണ് . പൂക്കളുടെ കൂടെയിരുന്നപ്പോള്‍ ഇവ്ന്റെ ഗ്ലാമര്‍ ഇത്തിരി കൂടിയോ എന്നൊരു സംശയം. പിന്നെ ഒട്ടും അമാന്തിച്ചില്ല.
ഏകാകിയുടെ കൂട്ടുകാരുടെ അഭ്യാസങ്ങള്‍ താഴെ




കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ക്രാപ്പ്‌ പരുവത്തിലായ ഒരു NIKON 200mm .f4. Als‌‌-ലെന്‍സ്‌ ചുളുവിലക്ക് സംഘടിപ്പിച്ചിരുന്നു. FULL MANUAL MODE-ല്‍ മാത്രം കണ്ണിന് കാഴ്ച്ചശക്തിയുള്ള ആ മൂപ്പിലാന്റെ മര്‍ക്കട മുഷ്ട്ടിക്കു മുന്നില്‍ അടവുകള്‍ മുഴുവന്‍ പയറ്റിത്തീര്‍ന്നപ്പോള്‍ നമസ്തേ പറഞ്ഞ്, പിടിപ്പിച്ചവന്ന് തന്നെ തിരിച്ച് കൊടുക്കാന്‍ വേണ്ടിയാണ് വാഹനത്തില്‍ കരുതിയത്. എന്തായാലും ഒരു കാര്യം മനസ്സിലായി, ആശാന്റെ കൃഷ്ണമണിയൊക്കെ ഒന്ന് നേരെയാക്കി(Aperture), മുണ്ടൊക്കെ നേരാംവണ്ണം മുറുക്കി(shutter), വിറക്കുന്ന കൈക്കൊരു താങ്ങൊക്കെ കൊടുത്താല്‍(Mount)...പഴയ പ്രതാപത്തിലെത്താന്‍ ആശാന് ഇപ്പഴും കഴിയും.
കിട്ടിയതില്‍ ചിലത് പങ്കുവെക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി തിരിച്ചുകൊടുക്കുന്ന പരിപാടിക്ക് തത്ക്കാലം 'സുല്ലി'ട്ടിരിക്കുകയാണ് .
എന്നെ കൊണ്ട് ഈ 'കിളവന്‍സ്' ..ക്ഷാ..ഇങ്കാ..ഇങ്ങാ..വരപ്പിക്കുമോന്നൊരു പേടിയില്ലാതില്ല.



19 September 2009

പെരുന്നാള്‍ പ്രഭാതം





എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്
----------------------------------------------------------

മക്കയിലെ പരിശുദ്ധ ദേവാലയമായ മസ്ജിദുല്‍-ഹറാമിന് മുന്നില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു അറേബ്യന്‍ സ്ത്രീ.
കഴിഞ്ഞ സന്ദര്‍ശന വേളയില്‍ പ്രഭാത നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ കണ്ട കാഴ്ച്ച.

28 May 2009

യാത്രാമൊഴി






ഒരു പകല്‍ കൂടി എരിഞ്ഞടങ്ങന്നു.. ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ നിന്ന് ഒരു താളുകൂടി മറിക്കപ്പെടുന്നു. അനിവാര്യമായ ആ വിടപറയലിലേക്ക്
നാം ഒരു ദിനം കൂടെ അടുപ്പിക്കപ്പെട്ടിരിക്കുന്നു.
പിന്തിരിഞ്ഞു നോക്കാതെയുള്ള അലക്ഷ്യമായ ഈ ചാക്രികചര്‍വണങ്ങളില്‍ നിന്നും ഈയുള്ളവന് ഒരു തിരിഞ്ഞു നടപ്പ് അനിവാര്യമായിരിക്കുന്നു. സമ്പത്തും സന്താനങ്ങളും പരീക്ഷണമായി നല്‍കിയ നാഥന്റെ മാര്‍ഗെ ഒരു ചെറിയ യാത്ര.. നന്ദി.. സ്നേഹംകോണ്ട് വീര്‍പ്പ് മുട്ടിച്ചവര്‍ക്ക്.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പ്രോല്‍സാഹനം നല്‍കിയവര്‍ക്ക്
പറയാന്‍ വന്നത് പറയാതെ പോയവര്‍ക്ക്....
നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടായിരിക്കുമെന്ന വിശ്വാസത്തോടെ.....

16 May 2009

ഓര്‍മ്മകള്‍ മരിക്കുമോ..?








LOCATION:ANDATHODE. TAKEN WHEN VISITED THERE ON LAST AUGUST WITH MY FRIEND ABBAS.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ച്ച്ന്റെ കൈപ്പിടിച്ച് ഈ കടല്‍കാണാന്‍ വന്ന്, തിരമാലകള്‍ ആര്‍ത്തിരമ്പിവരുന്നത് കണ്ട് പേടിച്ച് നിലവിളിച്ച ഒരാള്‍.. പിന്നീട് ഈ നാടും,കടല്‍തീരവും അതിന്റെ ഒര്‍മകളും ഒരപൂര്‍വ്വ നിധിപോലെ നെഞ്ചിലേറ്റി ഓമനിക്കുന്ന ഒരാള്‍... നമുക്കിടയില്‍ തന്നെയുള്ള ഒരു ബ്ലോഗ്ഗര്‍-സ്നേഹിത... സവിനയം ഈ പോസ്റ്റ് ഞാന്‍ അവര്‍ക്ക് സമര്‍പ്പിക്കുന്നു.. അവരുടെ നല്ല ഓര്‍മ്മകള്‍ക്ക് ഇത് മിഴിവേകുമെന്ന വിശ്വാസത്തോടെ...

11 May 2009

നാല്‍വര്‍ സംഘം (ഫോട്ടോ-പോസ്റ്റ് )



കഴിഞ്ഞ ജൂലൈ മാസത്തിലെ ‍മഴ തിമിര്‍ത്തു പെയ്ത ഒരു കര്‍ക്കിടക ദിനത്തില്‍, മഴ ഒഴിഞ്ഞ അപൂര്‍വമായ ഒരു ഇടവേളയില്‍, പൊന്നാനി ചാവക്കാട് റോഡിലെ പുതുപൊന്നാനി പാലത്തിന് ചുവടെയാണ്, നിശ്ചലമായ പുഴയുടെ മാറില്‍ ഒരവധി ദിവസത്തിന്റെ ആലസ്യത്തില്‍ സ്വച്ഛന്ദം വിശ്രമിക്കുന്ന ഈ നാല്‍വര്‍ സംഘത്തെ ഞാന്‍ കണ്ടുമുട്ടിയത്. പൊന്നാനി എം .ഇ .എസ് കോളേജില്‍ പഠി ക്കുന്ന കാലം തൊട്ടേ ഈ പുഴമേലെയുള്ള യാത്രകള്‍ എന്റെ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിര്‍മ പകര്‍ന്ന് നല്‍കിയിരുന്നു.ഒരു ഭാഗത്ത് പുഴ ദൂരെ കടലില്‍ ലയിക്കുന്ന അഴിമുഖക്കാഴ്ച എത്ര കണ്ടാലും മതിവരാത്തത്ര മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു. മറുഭാഗത്ത് ഇതില്‍നിന്നും വിത്യസ്തമായി, പുഴയെ പുല്‍കാനുള്ള വിഫലശ്രമത്തില്‍ വെള്ളത്തിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന കേരവൃക്ഷങ്ങളും പൃകൃതിയും ചേര്‍ന്ന് മനോഹരമായ ഒരു കാന്‍വാസ് തീര്‍ത്തിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ഈ പുഴയിലൂടെ കൂട്ടുകാരോടൊത്തുള്ള ഒരു തോണിയാത്ര എന്റെ"നടക്കാത്ത ആഗ്രഹങ്ങളുടെ ലിസ്റ്റില്‍"എന്നും സജീവമായിതന്നെയുണ്ടായിരുന്നു . കഴിഞ്ഞ അവധിക്ക് വളരെ യാദൃച്ഛികമായി അത് വഴി കടന്ന് പോകാന്‍ അവസരം കിട്ടിയപ്പോള്‍ കേമറ കൈയ്യിലുണ്ടായിട്ടും കള്ളകര്‍ക്കിടകം അതിന് ഇടംകോലിട്ടു. നട്ടുച്ച നേരമായിരുന്നെങ്കിലും വെളിച്ചം വളരെ കുറവ്, സൂര്യനാശാനെ മഷിയിട്ട് തിരഞ്ഞാലും കാണാന്‍ കഴിയില്ല.കയ്യിലുള്ള കോപ്പാണങ്കില്‍ 'പ്രകാശ-ദാഹിയായ' കിറ്റ് ലെന്‍സും. ആകെ ഒത്ത് കിട്ടിയത് ഈ നാല്‍വര്‍ സംഘത്തിന്റെ വിശ്രമവേള. കിട്ടിയത് മിച്ചം! ഇന്‍ഷാ അള്ളാ ! അവധിക്കാലം ഇനിയുമുണ്ടാകുമല്ലോ ആയുസ്സുണ്ടെങ്കില്‍ പുഴ അവിടെ തന്നെയുണ്ടാകുമെന്നും, അന്ന് വെളിച്ചത്തെ പുല്ലുവില കല്പ്പിക്കുന്ന സ്വപ്ന-ലെന്‍സുകളിലൊന്ന് സ്വന്തമായിട്ടുണ്ടാവുമെന്നും ന്യായമായും പ്രതീക്ഷിച്ചുകൊണ്ട്, കിട്ടിയത് പോസ്റ്റുന്നു...

05 May 2009

കൊച്ചു കള്ളാ !




കൊച്ചു കള്ളാ ! ചെമ്പരത്തിപൂവ് എവിടെ വെക്കണമെന്ന് ക്രിത്യായിട്ട് അറിയാല്ലേ?...


ഇത് ഹാഷിര്‍ & ഹാതിം.
കണക്ക് പ്രകാരം എന്റെ നാല് കൊളന്തകളില്‍ രണ്ടും മൂന്നും ക്രമ നമ്പര്‍ ലഭിച്ചവര്‍.
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പറമ്പില്‍ നടന്ന് കളിക്കുന്നതിനിടയില്‍ എടുത്തത്.
കുറെയായി എന്തെങ്കിലും പോസ്റ്റിയിട്ട്. 'ഗ്രാമീണം പൂട്ടിയോ' എന്ന് ചിലരെല്ലാം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജോലികഴിഞ്ഞ് വീട്ടിലെത്തിയാല്‍ വല്ലതിനും സമയം കിട്ടേണ്ടേ ?
ഉള്ള സമയം എവ്ന്മാരെ മെരുക്കാന്‍ തന്നെ തികയില്ലാ. ശ്രീമതിയില്‍ നിന്നും വല്ലതും 'ഞണ്ണാന്‍' കിട്ടണമെങ്കില്‍ ലവന്മാരെ ഞാന്‍ ഒതുക്കണം. അല്ലെങ്കില്‍ അവള്‍ക്ക് അടുക്കളയിലും രക്ഷയില്ല.
കഴിഞ്ഞില്ല ഇനി നാലാമനൊരുവനുണ്ട് പേര് ഹംദാന്‍
അവനും ഒട്ടും മോശമില്ല! പ്രായം അഞ്ച് മാസമായിട്ടൊള്ളുവെങ്കിലും അവനെ കൊണ്ട് പറ്റുന്നപോലെയൊക്കെ അവന്നും സഹായിക്കുന്നുണ്ട്. തൊട്ടിലില്‍ കമിഴ്ന്ന് കിടന്ന് തല മാത്രം പുറത്തേക്കിടുക,കട്ടിലില്‍ നിന്ന് ഉരുണ്ട് താഴേക്ക് ചാടുക തുടങ്ങി എടുത്തു നടക്കുന്നവരെ മൂത്രാഭിഷേകം ചെയ്യുക വരെ ഇവന്റെ സ്ഥിരം കലാപരിപാടികളാണ്.
ഇപ്പോളെന്തായാലും കെട്ട്യോളും കുട്ട്യേളും അനിയത്തിയുടെ കല്യാണത്തിന് ഒരു മാസത്തെ അവധിക്ക് നാട്ടിലാണ്.
അതാണ് വീണ്ടും ഒരു പോസ്റ്റുമായി ഇറങ്ങിത്തിരിച്ചത്.ഉദ്ദേശിച്ച ചിത്രം ഇതല്ലെങ്കിലും ഇത് കണ്ടപ്പോള്‍
ഇങ്ങിനെ ഒരാശയം തോന്നിയതാണ്. വീണ്ടും കാണാം

25 December 2008

പകല്‍ നക്ഷത്രം





ഈ ചുന്ദരി പെണ്ണിന്റെ പേര് മുന്നുകുട്ടി. എന്റെ തോളില്‍ ചവിട്ടി മുകളിലെത്തിയിട്ട് വിജയശ്രീലാളിതയായ ഭാവത്തില്‍ അവളുടെ ചിരികണ്ടില്ലെ ?
നക്ഷത്ര ശോഭയുള്ള ഇവളുടെ ചിരിയാകട്ടെ ഇക്കുറി എന്റെ ക്രിസ്മസ് പോസ്റ്റ്.
[ഇവള്‍ എന്റെ അനിയന്റെ മകള്‍ - അംന അര്‍ഷാദ്. സ്ഥലം - അല്‍-ഖോര്‍ പാര്‍ക്ക് ,ഖത്തര്‍]
എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍

12 November 2008

മാവ് പൂത്ത കാലം...



രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ ലീവിന് പോയപ്പോള്‍ എടുത്ത ഒരു ചിത്രം പൊടിതട്ടി എടുത്തതാണ്. ഈ മാമ്പൂക്കളില്‍ കുറെയൊക്കെ പണ്ടേ കൊഴിഞ്ഞ് പോയിരിക്കും. ബാക്കിയുള്ളവ ഇതിനോടകം വിരിഞ്ഞ് മാങ്ങയായി മൂത്ത് പഴുത്ത്, കിളികളും, കാക്കകളും,അണ്ണാനും അണ്ടിപോലും ബാക്കി വെക്കാതെ അടിച്ച് മാറ്റിയിരിക്കും. ഇവിടെ നിന്ന് വീണ്ടും ഈ ചിത്രം കണ്ടപ്പോള്‍ ഒന്ന് പോസ്റ്റാമെന്ന് തോന്നി.
കുറേ ദിവസമായി മടിപിടിച്ചിരിക്കുന്നു,
അടിക്കുറിപ്പ് എന്തെഴുതുമെന്ന് ആലോചിച്ചിരുന്നപ്പോള്‍ പഴയ ആ കുട്ടിക്കാലം വെറുതെ ഓര്‍ത്തു പോയി (ക്ഷമിക്കണം! ഈ ബ്ലോഗ് തുടങ്ങിയത് മുതലുള്ള ഒരു സൂക്കേടാണ്)
പറമ്പ് നിറയെ പന്തലിച്ച് പൂത്ത് നില്‍ക്കുന്ന മാവുകള്‍.. വള്ളി ട്രൌസറുമിട്ട് ചുണ്ടില്‍ മാങ്ങാ ചുണയുമായി നടന്നിരുന്ന ഒരു കാലം.
മാവുകള്‍ മാത്രമുള്ള ഒരു പറമ്പായിരുന്നു ഞങ്ങളുടേത്. നട്ടുച്ചക്കും വെയില്‍ കൊള്ളാതെ പറമ്പില്‍ കളിച്ച് നടക്കാം. പരന്ന് പടര്‍ന്ന് നില്‍ക്കുന്ന ചില മാവുകളില്‍ ‘മരക്കോരങ്ങന്‍ കളി‘ ഞങ്ങളുടെ ഇഷ്ട്ട വിനോദമായിരുന്നു. മാവ് പൂത്തു തുടങ്ങുമ്പോള്‍ കാറ്റിന് ഒരു പ്രത്യാക ഗന്ധമാണ്.
എന്തൊക്കെ തരം മാവുകളായിരുന്നു അരിമാവ്, തേങ്ങാമാവ്, തത്തമ്മചുണ്ടന്‍, ചപ്പിക്കുടിയന്‍, മൂവാണ്ടന്‍, പുളിയന്‍, ഗോമാവ്, നാരങ്ങാമാവ്..
[ഇവയുടെ പലതിന്റേയും യഥാര്‍ത്ഥ പേര് അല്‍ഫോന്‍സൊ, ബദാമി, രാജ്പൂരി എന്നൊക്കെയാണെന്നറിഞ്ഞത് ഇവിടുത്തെ 'മാന്‍ഗോ ഫെസ്റ്റിവലില്‍' നിന്നാണ് . ഫെസ്റ്റിവല്‍ മാങ്ങകള്‍ കാഴ്ചയില്‍ എറെക്കുറെ സമാനമെങ്കിലും മധുരത്തിന്റെ കാര്യത്തില്‍ പണ്ടത്തേതിന്റെ നാല് അയല്‍പ്പക്കം അകലെ]
പിന്നീട് തെങ്ങുകള്‍ വെക്കാനായി ഞങ്ങളുടെ പ്രിയപ്പെട്ട മാവുകളുടെ കടക്കല്‍ ഒന്നിന് പിറകെ ഓന്നായി കോടാലി വീഴുന്നത് വേദനയോടെ നോക്കിനില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. ഞങ്ങളുയര്‍ത്തിയ പ്രതിഷേധപ്രകടനങ്ങള്‍ക്ക് അടുക്കളയുടേ അതിര്‍ത്തിക്കപ്പുറം ആയുസ്സുണ്ടായിരുന്നില്ല.

ഇന്ന് തെങ്ങുകള്‍ നിറഞ്ഞ് നില്‍ക്കുന്ന പറമ്പിന്റെ അങ്ങിങ്ങ് വാര്‍ധക്ക്യത്തിന്റെ അവശതയിലെങ്കിലും ഗതകാല പ്രൌഡിയുടെ ഉജ്ജ്വല സ്മാരകങ്ങളായി ഉയര്‍ന്ന് നില്‍ക്കുന്ന മാവുകള്‍ കാണുമ്പോള്‍ ഒരു ആശ്വാസമാണ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ആത്മബന്ധത്തിന്റെ ആ പഴയ നാളുകളെ കുറിച്ചുള്ള ചില നല്ല ഓര്‍മ്മകള്‍..

ങ്ഹാ.. കാലമെത്ര കടന്നു പോയി..

പഴയ കൂട്ടുകാരില്‍ ചിലരെല്ലാം അകാലത്തില്‍ കൊഴിഞ്ഞ് കാല യവനികക്കുള്ളില്‍ മറഞ്ഞ് പോയി. ഒന്നും നമ്മെ ചിന്തിപ്പിക്കുന്നില്ല.

ജനനത്തിനും മരണത്തിനുമിടയിലുള്ള ഈ ഹ്രസ്വമായ ജീവിത യാത്രയില്‍ നമ്മെ ഇത്ര തിരക്കു പിടിപ്പിക്കുന്നതെന്താണ്?

“അവനാകുന്നു മണ്ണില്‍ നിന്ന് നിങ്ങളെ സ്രഷ്ട്ടിച്ചവന്‍, പിന്നെ ബീജ കണത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്ത് കൊണ്ടുവരുന്നു. നിങ്ങളുടെ പൂര്‍ണ്ണ ശക്തി നിങ്ങള്‍ പ്രാപിക്കുന്നതിന്നും, പിന്നീട് നിങ്ങള്‍ വ്രദ്ധരായി തീരാനും വേണ്ടിയാണിത്.നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിര്‍ണ്ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരാനും, ഒരു വേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നതിന്നും വേണ്ടി.“

വിശുദ്ധ ഖുര്‍-ആന്‍(40.67)



30 September 2008

പെരുന്നാള്‍ കിരണം.



            

ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയുടെ നാളുകള്‍ക്ക് വിശ്വാസികള്‍ ഇന്നലെ വേദനയോടെ വിട പറഞ്ഞു.
നിര്‍മ്മലമായ മനസ്സും ശരീരവുമായി
ഈദ് ഗാഹുകളില്‍ നിന്നും മടങ്ങുന്ന വിശ്വാസികളുടെ മനസ്സില്‍,
പാപമുക്തമായ പുതിയ ഒരു ജീവിതത്തിന്റെ പൊന്‍കിരണങ്ങളാണ് നിറയുന്നത്.
ഭൌതികാസക്തികള്‍ക്കും ജടികേഛകള്‍ക്കും മേല്‍ നേടിയ വിജയം തീര്‍ച്ചയായും ആഘോഷിക്കാനുള്ളത് തന്നെയാണ്. പക്ഷെ ഒരു മാസം കൊണ്ട് നേടിയെടുത്ത മാനസീക വിശുദ്ധി ഒരറ്റ ദിവസത്തെ ആഘോഷം കൊണ്ട് നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കുക.
ഒപ്പം ഈ ഈദ് സാമൂഹിക കൂട്ടായ്മയുടേയും
മതസൌഹാര്‍ദ്ദത്തിന്റെയും വേദിയാക്കാനും ശ്രദ്ധിക്കുക..
എല്ലാവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍

12 September 2008

ഓണത്തുമ്പീ നീയും..




ഓണത്തുമ്പീ നീയും കമ്മ്യൂണിസ്റ്റായോ?
കാലത്തിനൊത്ത് കോലം കെട്ടാന്‍ നിനക്കും യാതൊരു മടിയുമില്ലല്ലേ?
രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ നീ എന്തു ചെയ്യുമെന്ന് ഞങ്ങള്‍ നോക്കട്ടെ!
അല്ല നീ എന്തെടുക്ക്വാ അവിടെ?
തുള്ളല്‍ പരിപാടിയൊക്കെ നിര്‍ത്തി ഇപ്പോള്‍ ശീര്‍ഷാസനം തുടങ്ങിയോ?
നല്ലൊരു ഓണായിട്ട് ഇങ്ങനെ തലയും കുത്തി നില്‍ക്കാതെ പോയി തുമ്പക്കുടത്തില്‍ ഊഞ്ഞാലിടാന്‍ നോക്ക്..
ദേ കുട്ടികള്‍ പാട്ടും പാടി കാത്ത് നില്‍ക്കുന്നു...


എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍

31 August 2008

വ്രത വിശുദ്ധിയുടെ മാസപ്പിറവിക്ക് സ്വാഗതം.




   HASHIR MOHD SHAKEER IN FRONT OF 'ZAID-BIN SABITH ' MASJID.DOHA.QATAR


വ്രതം വിശ്വാസിയുടെ രക്ഷാകവചമാണ്.
ആരാധനകളുടെ കൂട്ടത്തില്‍ വേരിട്ട ഒരു വഴി.
തിരസ്ക്കാരമാണ് വ്രത-ഭാഷ, മനശുദ്ധിയാണതിന്റെ പൊരുള്‍.
സഹനത്തിലധിഷ്ട്ടിതമായ ഒരു നിശ്ശ്ബ്ദകര്‍മ്മം.
വിശക്കുന്നവന്റെ വേദന പങ്കുവെക്കുന്നതോടൊപ്പം
കണ്ണിനേയും,കാതിനേയും,നാവിനേയും നിയന്ത്രണവിധേയമാക്കാന്‍
നോമ്പുകാരന് കഴിയേണ്ടതുണ്ട്.
ഭൌതീകതയുടെ പ്രകോപനങ്ങളില്‍ നിന്നും ദൈവീക വിധേയത്വത്തിലേക്ക്
മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള പരിശീലന കളരിയാണ് റമളാന്‍.

അനുബന്ധം: “നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക,
എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും“
-നബി വചനം.

14 April 2008

അറേബ്യന്‍ കണിക്കൊന്ന..


കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുത്സവമായ വിഷു ഇത്തവണ കടന്നു വരുന്നത് വേനല്‍ മഴയില്‍ കുതിര്‍ന്ന കര്‍ഷകന്റെ സ്വപ്നങ്ങളും, കണ്ണീരുമായാണ്. വിളെവെടുപ്പുകാലത്ത് തിമിര്‍ത്തു പെയ്ത മഴയില്‍ പൊഴിഞ്ഞത് അവന്റെ ദീര്‍ഘനാളത്തെ വിയര്‍പ്പും, സമ്പാദ്യവുമാണ്. പ്രക്രതിയുടെ നേര്‍ക്കുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളുടെ അനന്തര ഫലമാണ് ഈ കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. “മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്ത് കൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ച് തന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്ക് മടങ്ങിയെങ്കിലോ?“ വിശുദ്ധ ഖുര്‍-ആന്‍(30:41) ഖത്തറിലെ എന്റെ താമസ സ്ഥലത്തിന്നടുത്തായി കുറച്ചു ദിവസമായി ഈ സുന്ദരി പൂത്തുലഞ്ഞു നില്‍ക്കുന്നു. കണിക്കൊന്നയെ ഓര്‍മ്മിപ്പിക്കുന്ന ഈ പൂക്കള്‍ യുഎഇക്കാര്‍ വിഷുക്കണിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ന് മനോരമ ന്യൂസില്‍ കണ്ടു. ഒറിജിനല്‍ കിട്ടാതായാല്‍ പിന്നെ ഡ്യൂപ്പ് തന്നെ ശരണം! കേരളത്തിലെ കൊന്നപ്പൂക്കളൊക്കെ വേനല്‍ മഴയില്‍ കൊഴിഞ്ഞ് പോയ്ക്കാണും ? (ഫോട്ടോയില്‍ പൂക്കളോടൊപ്പം ‘കേറിയിരിക്കുന്നത്‘ ‘ഹാതിം‘ എന്റെ മൂന്നാമത്തവന്‍)

13 April 2008

മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം...(2)



ഇത് നിയ-ക്കുട്ടി (റാണിയ), വാശി പിടിച്ചാല്‍ ഇവളൊരു ചിന്ന അരുന്ധതിറോയി തന്നെയാണ്.ഈ കുറുമ്പിപെണ്ണിന്റെ നിശ്ചയധാര്‍ഡ്യത്തിനു മുന്നില്‍ നമ്മള്‍ മുട്ട് മടക്കുകയേ നിവര്‍ത്തിയുള്ളു. തോട്ടിലിറങ്ങിയപ്പൊള്‍ അവളുടെ സന്തോഷം കണ്ടില്ലേ?
ഭൂഗോളത്തിലെ എല്ലാ ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. .

10 April 2008

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..



പാടവും,തോടും,കായലും,കുളങ്ങളും,പൂക്കളും,പുഴകളും നിറഞ്ഞ നമ്മുടെ ആ പഴയ ക്കുട്ടിക്കാലം ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നു എന്ന് നാം പലപ്പോഴും പരിതപിക്കാറുണ്ട്. ആരാണ് അവര്‍ക്ക് അത് നഷ്ട്ടപ്പെടുത്തിയത്? നാട്ടിലുള്ളപ്പോള്‍ എപ്പോഴെങ്കിലും നമ്മുടെ കുട്ടികളുടെ കയ്യും പിടിച്ച് നാം നെല്‍പ്പാടങ്ങളിലേക്ക് ഇറങ്ങി നടന്നിട്ടുണ്ടോ? തോട്ടു വക്കത്തിരുന്നു ചൂണ്ടയിട്ടിരുന്ന, കൂന്തപ്പൂവ് പറിക്കാന്‍ പോയി ചളിയില്‍ പൂണ്ടുപോയ, മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞപ്പോള്‍ വാഴത്തണ്ടുകള്‍ കോര്‍ത്ത് ചങ്ങാടമുണ്ടാക്കി മാങ്ങാ-തോട്ടി കഴുക്കോലാക്കി തുഴഞ്ഞ് കളിച്ച ആ പഴയ കുസൃതിക്കാല സ്മരണകള്‍ എപ്പോഴെങ്കിലും നാം അവരോടോത്ത് പങ്കുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? (ഒടുവില്‍ ഇരുള്‍ പരന്നു തുടങ്ങുമ്പോള്‍ കളിനിര്‍ത്തി അടുക്കള വാതിലിലൂടെ പമ്മി പമ്മി വീട്ടില്‍ നുഴഞ്ഞു കയറുമ്പോള്‍ അച്ചന്റെ മുന്നില്‍ തന്നെ ചെന്ന് പെട്ടതും പുളിവടി കൊണ്ട് പൊതിരെ തല്ല് കൊണ്ടതും ഏതായാലും പറയേണ്ട) തിരക്കിനിടയില്‍ നമുക്കെവിടെ ഇതിനെല്ലാം നേരം? ഇനി സമയം കിട്ടിയാല്‍ തന്നെ വയലും തോടും പുഴകളുമെവിടെ? പാടങ്ങളായ പാടങ്ങളൊക്കെ നമ്മള്‍ മണ്ണിട്ട് നിരത്തി കോണ്‍ക്രീറ്റ് വല്‍ക്കരിച്ചില്ലേ.. ഒടുവില്‍ അന്നത്തിനായി അന്ന്യന്റെ വണ്ടിയും കാത്ത് കിടക്കേണ്ട ഗതികേടിലായത് മിച്ചം!

17 December 2007

തടത്തിപ്പാടത്തെ കൊറ്റികള്‍



“തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ? അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതെ മറ്റാരാണ്. അവന്‍ എല്ലാ കര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ; തീര്‍ച്ച.“
വി.ഖുര്‍-ആന്‍.67(19)

27 November 2007

നെറ്റ് ബ്രൌസിങ്



“അവന്‍ മാനത്തുനിന്നും വെള്ളം വീഴ്ത്തി. അങ്ങിനെ അരുവികളിലൂടെ അവയുടെ വലിപ്പത്തിന്റെ
തോതനുസരിച്ച് അതൊഴുകി. ആ പ്രവാഹത്തിന്റെ ഉപരിതലത്തില്‍ പതയുണ്ട്. ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരുക്കുന്നവയില്‍നിന്നും ഇതു പോലുള്ള നുരയുണ്ടാകാറുണ്ട്. ഇവ്വിതമാണ് അല്ലാഹു സത്യത്തേയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യുന്നു.അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു.“
വി.ഖുര്‍-ആന്‍.13 (17) ~~~~~~~~~~ കഴിഞ്ഞ അവധിക്കാലത്തെ ഒരു സായാഹ്നത്തില്‍ കുട്ടിപട്ടാളങ്ങളോടൊപ്പം ചിറവല്ലൂരിനടുത്തെ വയലില്‍ നടത്തിയ മത്സ്യബന്ധനം!

26 November 2007

തടത്തിപ്പാടം



ഭൂമി വരണ്ട് ചത്ത് കിടക്കുന്നതായി നിന്നക്ക് കാണാം. പിന്നെ നാം അതില്‍ മഴ വീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.“ (22:5)
ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സ്ര് ഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധ്ന്‍" വി. ഖുര്‍-ആ‍ന്‍. (36:36) ``````````````` ഞങ്ങളുടെ സ്വന്തം തടത്തിപാടം അണിഞ്ഞൊരുങ്ങി സുന്ദരിയായപ്പോള്‍ ! ! ! ചെറുപ്പത്തില്‍ ഞങ്ങള്‍ ഫുട്ബോള്‍ കളിച്ചു മദിച്ചിരുന്ന ഈ പാടത്തിന് മഴ സ്പര്‍ശം നല്‍കിയ മാറ്റം കണ്ട്‍ ഞാന്‍ അത്ഭുതം കൂറി. എത്രയെത്ര വര്‍ഷക്കാലങ്ങള്‍ എന്നെ കടന്നു പോയി...ഞങ്ങളുടെ തൊടിയില്‍ നിന്നും ഒരു കുതിപ്പിനെത്താവുന്ന ദൂരത്തില്‍ വസിക്കുന്ന ഈ പുഞ്ചപ്പെണ്ണിന്റെ സൌന്ദര്യം ഇത്രെയും കാലം ഞാന്‍ കണാതെ പൊയതെന്തെ ??

25 November 2007

അസ്തമയം



“അല്ലാഹുവിന്റെ പക്കലാകുന്നു അദ്രശ്യകാര്യങ്ങളുടെ താക്കോല്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും പൊഴിയുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ പച്ചയോ ഉണങ്ങിയതോ ആയ എതൊരു വസ്തുവകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെടാത്തതായി ഇല്ല.“വി. ഖുര്‍ആന്‍. 6(59)

എടപ്പാള്‍ ‍അയിലക്കാട് പാടത്തെ ചെമ്മീന്‍ കെട്ടിനടുത്തെ കൊച്ചു പള്ളിക്കടുത്ത് നിന്ന് മഗ്-രിബിനു ഷേശം കണ്ട കാഴ്ച.

ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters